2010, ജൂൺ 29, ചൊവ്വാഴ്ച

അങ്ങാടി തെരു - ഒരു അനുഭവം

     


     ഈ ചിത്രത്തിന് വളരെ വൈകി വരുന്ന ഒരു റിവ്യൂ. പക്ഷെ ഇത് കണ്ടപ്പോള്‍ എന്തെങ്കിലും എഴുതണം എന്ന് തോന്നുന്നു. തമിഴില്‍ ഇങ്ങനത്തെ ചിത്രങ്ങളും ഇറങ്ങുന്നുണ്ട് എന്ന് മലയാളത്തിലെ പുലികള്‍ എന്നവകാശപ്പെടുന്ന വിഡ്ഢികളായ സംവിധായകര്‍ കാണേണ്ടതാണ്. ജീവിതത്തിന്‍റെ മഞ്ഞ വെയില്‍ മാത്രം പതിഞ്ഞിട്ടുള്ള ഫ്രെയ്മുകള്‍ കൊണ്ട് സമ്പന്നമാണ് ഈ ചിത്രം. നമ്മുടെ വിനോദ സിനിമകളില്‍ കാണുന്ന വര്‍ണ ശബളമായ ദൃശ്യങ്ങള്‍ ഇതിലില്ല. കോഫി ഷോപ്പുകളിലും പബ്ബുകളിലും നുരഞ്ഞു പൊന്തുന്ന ജീവിതം ഇതിലില്ല. ഒരു ചോക്കലേറ്റ്, മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്‌ മുതലായവ നിങ്ങള്‍ക്ക് ഇതില്‍ കാണാന്‍ കിട്ടില്ല. അഴകും സ്വര്‍ണ നിറവും ഉള്ള നായകന്മാരോ നായികമാരോ ഇതിലില്ല. പകരം സാധാരണക്കാരന്‍റെ ജീവിതം നരച്ചു പോയ നിറങ്ങളില്‍ നിങ്ങള്‍ക്ക് ഇതില്‍ കാണാം. ചിലപ്പോഴൊക്കെ അതില്‍ നിറം കലരുകയും ചിലപ്പോഴൊക്കെ മരച്ചു പോകുകയും ചില മുഹൂര്‍ത്തങ്ങളില്‍ എങ്കിലും നിങ്ങള്‍ ഇത് വരെ കണ്ടിട്ടില്ലാത്ത നിറങ്ങള്‍ കലര്‍ന്ന് മനോഹരമാകുന്നതും കാണാം. 


     മധുരയിലെ തിരക്ക് പിടിച്ച ഒരു തെരുവില്‍ ബസ്‌ കാത്തു നില്‍ക്കുന്ന ജ്യോതി ലിംഗത്തില്‍ നിന്നും അഞ്ജലിയില്‍ നിന്നുമാണ് കഥ തുടങ്ങുന്നത്. അഴുക്കു പിടിച്ച വേഷങ്ങളും കയ്യില്‍ കായ സഞ്ചിയില്‍ എന്തൊക്കെയോ സാധനങ്ങളും അവരുടെ കയ്യിലുണ്ട്. ക്ഷീണിച്ചതു പോലെ തോന്നുമെങ്കിലും രണ്ടു പേരുടെയും മുഖത്ത് സന്തോഷം നിറഞ്ഞിരിപ്പുണ്ട്. രാത്രി ഒരു തെരുവിന്‍റെ അരികത്തു തല ചായ്ക്കുന്ന അവരുടെ നേര്‍ക്ക്‌ ഒരു കാര്‍ നിയന്ത്രണം വിട്ടു ഓടി കയറുന്നു. ആശുപത്രിയിലേക്ക് മാറ്റുന്ന അവരുടെ ഓര്‍മകളിലൂടെ ആണ് കഥയുടെ പ്രധാന ഭാഗം വിവരിക്കപ്പെടുന്നത്. 


     തിരുനെല്‍വേലിക്കടുത്തുള്ള ഒരു ഉള്‍നാടന്‍ ഗ്രാമത്തിലെ കളിക്കൂട്ടുകാരാണ്‌ ജ്യോതി ലിംഗവും മാരി മുത്തുവും. പഠിക്കാന്‍ സമര്‍ത്ഥനായിരുന്ന ജ്യോതി ലിംഗത്തിന്റെ  അച്ഛന്‍ ഒരു അപകടത്തില്‍ മരിക്കുന്നു. അതോടെ അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്‍റെ ചുമതല കൌമാരക്കാരനായ ജ്യോതി ലിംഗത്തിന്റെ ചുമലിലാവുന്നു. ജീവിക്കാന്‍ എന്ത് ചെയ്യും എന്ന് അന്താളിച്ചു നില്‍ക്കുന്ന അവരുടെ മുന്‍പിലേക്ക് പ്രതീക്ഷയുടെ ഒരു ചുവപ്പ് നോട്ടീസ് പറന്നിറങ്ങുന്നു. ചെന്നയിലെ രംഗനാഥന്‍ തെരുവില്‍ പുതുതായി തുടങ്ങുന്ന ഒരു വലിയ സൂപ്പര്‍ മാര്‍കെടിലേക്ക് സേല്‍സ് ബോയ്സിനെയും ഗേള്‍സിനെയും എടുക്കുന്നു എന്ന ഒരു നോട്ടീസ്. അവരെ രണ്ടിനെയും ജോലിക്കായി തിരഞ്ഞെടുക്കുകയും ചെന്നയിലേക്ക് വരാന്‍ ക്ഷണം ലഭിക്കുകയും ചെയ്യുന്നു. വളരെ അധികം പ്രതീക്ഷകളോടെയും സ്വപ്നങ്ങളോടെയും അവര്‍ വണ്ടി കയറുന്നു.


    രംഗനാഥന്‍ തെരുവിലെ സെന്തില്‍ മുരുകന്‍ സ്റ്റോര്‍ എന്ന ബഹു നില സൂപ്പര്‍ മാര്‍ക്കറ്റ്‌ ലെ ജീവനക്കാരായി എത്തുന്ന ജ്യോതി ലിംഗതിനും മാരി മുത്തുവിനും അവര്‍ പ്രതീക്ഷിച്ചിരുന്ന പോലുള്ള ഒരു വരവേല്പ് ആയിരുന്നില്ല ലഭിച്ചത്. പളപളപ്പുള്ള കടയുടെ പുറകില്‍ ഇരുട്ട് നിറഞ്ഞ ഒരു ലോകം ഉണ്ടായിരുന്നു. മൃഗങ്ങളെക്കാള്‍ കഷ്ടമായി ജോലി ചെയ്യുന്ന ഒട്ടനവധി ജീവിതങ്ങള്‍. തുച്ചമായ ശമ്പളം കൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാന്‍ ശ്രമിക്കുന്ന പരിഭ്രാന്തിയും കൌമാരത്തിന്റെ കൌതുകവും നിറഞ്ഞ ഒരുപാടു മുഖങ്ങള്‍. ലളിതമായ ചിത്രീകരണത്തിലൂടെ നിങ്ങളുടെ മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഒരുപാടു സന്ദര്‍ഭങ്ങള്‍. തുണിക്കടയില്‍ സാരി എടുക്കാന്‍ ചെല്ലുമ്പോള്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞു അടുത്ത ഷേഡ് കാണിക്കാന്‍ വേണ്ടി ഒരിക്കലെങ്കിലും നിങ്ങള്‍ ആവശ്യപെട്ടിട്ടുണ്ടോ ? എങ്കില്‍ ഇത് കണ്ടു കഴിഞ്ഞാല്‍ നിങ്ങള്‍ ഇനി അങ്ങനെ പറയുന്നതിന് മുമ്പ് രണ്ടിലൊന്ന് ആലോചിക്കും. ഓരോ തവണ പുതിയ നിറം പറയുമ്പോഴും അതെടുക്കാന്‍ വേണ്ടി ഗോഡൌണ്‍ ലേക്ക് ഓടുന്ന പാവം ജ്യോതി ലിംഗം. ഇടയ്ക്കു ഒന്ന് റസ്റ്റ്‌ എടുക്കാനോ, ഒന്ന് ഇരിക്കാനോ, എന്തിനു പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സ്റ്റോര്‍ സൂപ്പര്‍ വൈസറുടെ കാലു പിടിക്കേണ്ടി വരുന്ന ആണും പെണ്ണും അടങ്ങുന്ന ഒരു സമൂഹം. ആഹാരം കഴിക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ്‌ മുതലാളി ആയ അണ്ണാച്ചി തന്നെ നടത്തുന്ന ഒരു മെസ്സ് ഉണ്ട്. ആഹാരം കഴിക്കാന്‍ പുറത്തു വിട്ടാല്‍ ഉണ്ടാകുന്ന സമയ നഷ്ടവും ധന നഷ്ടവും ഒഴിവാക്കാന്‍ മാനേജ്‌മന്റ്‌ കണ്ടു പിടിച്ച ഒരു തന്ത്രം. അവിടത്തെ വൃത്തി ഹീനമായ അന്തരീക്ഷവും ആഹാരവും ഒക്കെ വെറും ഒരു സിനിമയാണെന്ന് വിചാരിച്ചാല്‍ പോലും നിങ്ങള്‍ക്ക് കണ്ടിരിക്കാന്‍ കഴിയില്ല. താമസിക്കാന്‍ ഉള്ള സ്ഥലവും ഇങ്ങനെ തന്നെ. ചിലപ്പോഴെങ്കിലും നിങ്ങള്‍ ഇങ്ങനത്തെ പത്ര പരസ്യങ്ങള്‍ കണ്ടിട്ടില്ലേ ? സേല്‍സ് ബോയ്സ് നെ ആവശ്യമുണ്ട്. ആഹാരം , താമസം സൌജന്യം എന്നൊക്കെ.. അതിന്‍റെ ഒരു യഥാര്‍ത്ഥ ചിത്രം ഇവിടെ കാണാം. ഈ കഷ്ടപ്പാടിനിടയിലും ദൂരെ തങ്ങളെ കാത്തിരിക്കുന്ന ഒരു പിടി ജീവിതങ്ങള്‍ക്കായി പെടാപ്പാടു പെടുന്ന ജ്യോതി ലിംഗവും മാരി മുത്തുവും മറ്റൊട്ടനവധി പേരും.


     ഈ കറുത്ത നിറത്തില്‍ ഒരു വര്‍ണ രാജി വിരിയിച്ചു കൊണ്ട് , തീപ്പിടിച്ചു നില്‍ക്കുന്ന ഒരു ഗുല്‍മോഹര്‍ മരം പോലെ അവന്‍റെ ജീവിതത്തിലേക്ക് കടന്നു വരികയാണ്‌ കനി. അവരുടെ ആദ്യ കണ്ടു മുട്ടലുകള്‍ അടിയിലും വഴക്കിലും ഒക്കെയാണ് അവസാനിക്കുന്നതെങ്കിലും പോകെ പോകെ അവര്‍ക്കിടയിലെ അകലം അലിഞ്ഞു ഇല്ലാതാവുന്നു. അവിടെ മൊട്ടിടുന്ന പ്രണയം ആ നരകത്തിലും മനോഹരമായ പൂക്കള്‍ വിരിയിക്കുന്നു. ചുട്ടു പൊള്ളുന്ന ചൂടിലും ആശ്വാസത്തിന്റെ മഞ്ഞു മഴ പെയ്യിക്കുന്നു. അവന്‍റെ വിഷമങ്ങള്‍ അവളുടെതും കനിയുടെ വിഷമങ്ങള്‍ അവന്റെതും ആയി മാറുന്നു. എന്നാല്‍ എല്ലാ സന്തോഷത്തിനും ഉള്ള പോലെ അനിവാര്യമായ ഒരു അന്ത്യം ഇതിനും ഉണ്ടാവുന്നു. ഇവരുടെ പ്രണയത്തിന്റെ കഥ അറിഞ്ഞ അണ്ണാച്ചി അവരെ തല്ലി ഓടിക്കുന്നു. ഒളിച്ചോടുന്ന അവരെ ആണ് നമ്മള്‍ ചിത്രത്തിന്‍റെ ആദ്യ രംഗത്ത് കണ്ടത്. ഫ്ലാഷ് ബാക്ക് കഴിയുമ്പോള്‍ ആശുപത്രിയില്‍ രണ്ടു കാലും മുറിച്ചു മാറ്റപ്പെട്ടു കിടക്കുന്ന കനിയെ ആണ് നമ്മള്‍ കാണുന്നത്. ആ അവസ്ഥയിലും അവന്‍റെ സ്നേഹം കനിയെ വാരി പുണരുന്നു. അവളെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടുന്ന ജ്യോതിയുടെ രംഗത്തോടെ അങ്ങാടി തെരു പൂര്‍ണമാവുന്നു. 




     മാരി മുത്തുവിന്റെ  കഥ കൂടി പറഞ്ഞില്ലെങ്കില്‍ ഇത് പൂര്‍ണമാവില്ല. കൂടെ ജോലി ചെയ്യുന്ന സോഫിയയെ പ്രണയിക്കാന്‍ മാരിമുത്തു നടത്തുന്ന ശ്രമങ്ങള്‍ ആരിലും ചിരിയുണര്‍ത്തും. അവരുടെ പ്രണയ കലഹങ്ങള്‍,ചെറിയ ചെറിയ അമളികള്‍ മുതലായവ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. സോഫിയ ആയി അഭിനയിച്ച നടി ആരാണെന്നു അറിയില്ല. പക്ഷെ അത്യുഗ്രന്‍ ആക്ടിംഗ്. മാരി മുത്ത്‌ നടി സ്നേഹയുടെ ഒരു ആരാധകന്‍ ആണ്. ജോലി ചെയ്യുന്ന കടയുടെ പരസ്യത്തില്‍ അഭിനയിക്കാന്‍ വരുന്ന സ്നേഹയെ കാണാന്‍ മാരി മുത്ത്‌ നടത്തുന്ന ബഹളങ്ങള്‍ വളരെ ഹൃദ്യമായി ചിത്രീകരിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ അവസാനം മാരി മുത്ത്‌ സ്നേഹയുടെ വീട്ടില്‍ ഒരു ജോലി സമ്പാദിച്ചു പോകുന്നതായാണ് കാണിച്ചിരിക്കുന്നത്. 

     വെയിലിനു ശേഷം വസന്തബാലന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ അഭിനേതാക്കള്‍ ഇവരാണ്.
മഹേഷ്‌, അഞ്ജലി ( കാട്രത് തമിഴ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തെലുഗ് നടി ),  A. വെങ്കടേഷ് ( ഹിറ്റ്‌ ചിത്രങ്ങളായ ഭഗവതി, കുത്ത് മുതലായവയുടെ സംവിധായകന്‍ ), പാണ്ടി മുതലായവര്‍. ഇവരെ കൂടാതെ ഒരു cameo റോളില്‍ സ്നേഹയും ഉണ്ട്. ഇവരുടെയും മറ്റു അനവധി പുതു മുഖങ്ങളുടെയും അത്യുജ്ജ്വല പ്രകടനം നിങ്ങള്‍ക്ക് ഈ ചിത്രത്തില്‍ കാണാം. നിറം നഷ്ടപെട്ട ഒരു പാട് കഥാപാത്രങ്ങളെ ജീവിതത്തില്‍ നിന്നും പെറുക്കി എടുത്തു വസന്ത ബാലന്‍ അണി നിരത്തിയിരിക്കുന്നു. സ്കൂളില്‍ പോകാന്‍ കാര്‍ ഇല്ലതതിനും എ സി വര്‍ക്ക്‌ ചെയ്യ്തതിനും ഇന്റര്‍നെറ്റ്‌ ഇല്ലാതതിനും മൊബൈല്‍ ഫോണ്‍ ഇല്ലതതിനും മറ്റും ആത്മ ഹത്യ വരെ ചെയ്യാന്‍ മടിക്കാത്ത നമ്മുടെ കൌമാരക്കാര്‍ ഈ ചിത്രം എന്തായാലും ഒന്ന് കാണണം. കഷ്ടപ്പടുകളോട് പോരുതുന്നതിനിടയിലും ജീവിതം ആസ്വദിക്കുകയും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരുപാടു ജീവിതങ്ങളെ നിങ്ങള്‍ക്ക് നേരില്‍ കാണാം. 


     വിജയ്‌ ആന്‍റണി , റഹ്മാന്റെ അനന്തിരവനായ ജീ വി പ്രകാശ്‌ എന്നിവര്‍ ആണ് ഇതിലെ മനോഹരമായ ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഇതിലെ ഏറ്റവും നല്ല രണ്ടു ഗാനങ്ങളായ അവള്‍ അപ്പടി ഒന്ട്രും അഴഗല്ലായ് , കഥയ്കളെ പേശും എന്നിവ പാടിയിരിക്കുന്നത് മലയാളികളായ വിനീത് ശ്രീനിവാസന്‍ , ബെന്നി ദയാല്‍ എന്നിവരാണ്‌. ആറു കോടി മുടക്കി എടുത്ത ഈ ചിത്രം പത്തു കോടിയോളം രൂപ നേടി. 


     ഇനി എന്ത് പറയണം എന്നറിയില്ല. ഈ ചിത്രത്തെ പറ്റി ഒരുപാടു റിവ്യൂസ് വന്നു കഴിഞ്ഞു. എന്ത് കൊണ്ടാണ് എല്ലാത്തിലും എല്ലാവരുടെയും അനുഭവം ഒരു പോലെ വിവരിച്ചിരിക്കുന്നതെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്. നിങ്ങളും കണ്ടു നോക്കു. ഇഷ്ടപ്പെടും. തീര്‍ച്ച. 





7 അഭിപ്രായങ്ങൾ:

  1. ഞാനും അടുത്തകാലത്താണീ ചിത്രം കണ്ടത്.പറയുവാന്‍ വാക്കുകള്‍ കിട്ടുന്നില്ല.അത്രയ്ക്കു ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു അനുഭവമാണീ ചിത്രം.കനിയുടേയും ലിങ്കിന്റേയും പാണ്ടിയുടേയും സോഫിയുടേയും സ്നേഹം അവരുടെ കഷ്ടപ്പാടുകള്‍ പറയാതിരിക്കുവാന്‍ വയ്യ.ജീവിതത്തിന്റെ ഇരുണ്ടവശങള്‍ തീവ്രതയോടെ അനുഭവവേദ്യമാക്കുന്ന ഈ ചിത്രം ഒരിയ്ക്കലും മിസ്സാക്കരുത്. എന്നാണിനി നമുക്ക് നമ്മുടെ സ്വന്തം എന്നഭിമാനിക്കുവാന്‍ കഴിയുന്ന ഒരു ചിത്രമുണ്ടാവുക.

    മറുപടിഇല്ലാതാക്കൂ
  2. ഇത്രയും ഹോണ്ടിംഗായ ചിത്രം അടുത്ത കാലത്ത് കണ്ടില്ല. രാത്രിയിലെ തെരുവ് ചിത്രീകരിക്കുന്ന മറക്കാനാവാത്ത ചില ഫ്രെയിമുകള്‍,തെരുവിലെ ഒരു കൊച്ച്കുട്ടിയെ അവന്റെ അഛന്‍ അരക്കപ്പ് ചായ കൊടുക്കുന്നതു പോലെയുള്ള ഷോട്ടുകള്‍, ചിത്രത്തിന്റെ ചടുലത, എഡിറ്റിംഗ് വേഗത്തിലും കുറുക്കിയുമുള്ള ടെക്നിക്, സൂപ്പറുകളുടെ ജാട കാണേണ്ടാത്ത കുറച്ച് സമയം - തമിഴിലെ പോലെ പരീക്ഷണങ്ങള്‍ നമുക്ക് ഗട്സില്ല..താങ്ക്സ് ഫോര്‍ ദിസ് റിവ്യൂ....

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജൂൺ 29 10:29 PM

    Good review. I hvnt seen the film.But wish to.

    മറുപടിഇല്ലാതാക്കൂ
  4. സിനിമ കണ്ടു. ഒരുപാട് കാലത്തിനു ശേഷം കണ്ട നല്ല സിനിമ തന്നെ. ആദ്യാവസാനംവരെ കഥാപാത്രങ്ങള്‍ അഭിനായ മികവുകൊണ്ട് തിളങ്ങിയ നല്ല പടം. ഓരോ കഥാപാത്രവും അഭിനയത്തിന്‍റെ കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ ഒന്നുമല്ല എന്നു തെളിയിച്ചിട്ടുണ്ട്. സം‌വിധാന മികവ് പ്രത്യേകം എടുത്തു പറയണ്ട സിനിമ.
    പ്രണയ പരാജയം അനുഭവിച്ച് ആത്മ്ഹത്യ ചെയ്യുന്ന നടി (പേരറിയില്ല) ഹോ അത് വിവരിക്കാന്‍ കഴിയുന്നില്ല അവളുടെ കണ്ണുകളില്‍ ഉള്ള രോക്ഷവും,ഭയവും എല്ലാം മിന്നി മറയുന്ന ഭാഗം ... നല്ല ലേഖനം ഇതുപോലെ നല്ല സിനിമയെ കുറിച്ച് ലേഖനമെഴുതിയത് നന്നായി . അഭിനന്ദനങ്ങള്‍ :)

    മറുപടിഇല്ലാതാക്കൂ
  5. എല്ലാവര്‍ക്കും നന്ദി. സത്യം പറഞ്ഞാല്‍ ഫിലിം റിവ്യൂസ് ഒരിക്കലും എല്ലാ പടങ്ങളെ പറ്റിയും എഴുതരുത് എന്നാണ് എന്‍റെ വ്യക്തിപരമായ ഒരു അഭിപ്രായം.
    തവമായി തവമിരുന്ത് അങ്ങനെ എഴുതിപ്പിച്ച ഒരു സിനിമയാണ്.നമ്മളുടെ ഹൃദയത്തെ അല്‍പമെങ്കിലും സ്പര്‍ശിക്കാത്ത ഒരു സിനിമ ഒരു കലാനുഭവം ആയി കാണാന്‍ പറ്റില്ല.
    എന്തൊക്കെ പറഞ്ഞാലും ഒരു ബിസിനസ്‌ എന്നതിലുപരി സിനിമ ഒരു കലാരൂപം കൂടിയാണ്. നൃത്തവും പാട്ടും അഭ്യാസങ്ങളും എല്ലാം ചേര്‍ന്ന ഒരു വ്യത്യസ്തമായ കലാരൂപം.
    ടെക്നോളജി കൊണ്ടാണ് ഇത് രചിക്കുന്നതെന്ന ഒരു വ്യത്യാസം മാത്രമേയുള്ളൂ. എന്തൊക്കെ പറഞ്ഞാലും ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളില്‍ വന്ന
    മലയാളം സിനിമകളില്‍ ഈ കാറ്റഗറിയില്‍ പെടുത്താവുന്ന എത്ര സിനിമകളുണ്ട് ? ഒരു തന്മാത്ര, ഭ്രമരം, പലേരി മാണിക്യം, ടി ഡി ദാസന്‍ അങ്ങനെ പത്തില്‍ താഴെ മാത്രം. അതെ സമയം തമിഴില്‍ പ്രതിഭകളുടെ ഒരു ചാകര തന്നെ ഉണ്ടായി. തമിഴ് സിനിമയെ ഗൌരവത്തോടെ വീക്ഷിക്കുന്ന
    ഏതൊരാള്‍ക്കും അതിന്റെ ആഴം മനസ്സിലാവും. മണി രത്നവും ഭാരതി രാജയും എല്ലാം സംവിധാനം നിര്‍ത്തി പോയാലും അവരുടെ പിന്‍ഗാമികള്‍
    ആവാന്‍ ഒരു ജന കൂട്ടം തന്നെ തമിഴില്‍ ഉണ്ട്. എന്നാല്‍ ഇവിടെയോ .. പത്മരാജനും ഭരതനും കാണിച്ചു പോയ വഴിയില്‍ നടക്കാന്‍ ശേഷിയുള്ള
    എത്ര പേര്‍ ഇന്ന് മലയാളത്തിലുണ്ട് ? ദയനീയം എന്നെ ഇതിനെ പറയേണ്ടു

    മറുപടിഇല്ലാതാക്കൂ
  6. ഇന്നാണ് ഈ ബ്ലോഗ്‌ ശ്രദ്ധയില്‍ പെട്ടത്.
    ഫിലിം റിവ്യൂ വായിച്ചു. ആചിത്രം കാണാന്‍ തോന്നുന്നു.
    ആശംസകള്‍ !

    ജോ
    www.nammudeboolokam.com

    മറുപടിഇല്ലാതാക്കൂ