2010, ഏപ്രിൽ 16, വെള്ളിയാഴ്‌ച

മൌന രാഗം


അമ്പതു പോസ്റ്റുകള്‍ ഞാന്‍ വിജയകരമായി ( എന്ന് മനപൂര്‍വം പറഞ്ഞതാണ്. വലിയ വിജയം ഒന്നുമല്ലെങ്കിലും നമ്പര്‍ തികച്ചല്ലോ. ) പൂര്‍ത്തിയാക്കിയിരിക്കുന്നു. എന്തായിരിക്കണം അടുത്തത് എന്ന് വളരെ നേരം ആലോചിച്ചു. പിന്നെ ഓര്‍ത്തു ഒരു സിനിമയെ പറ്റി ആവാം എന്ന്. ബോര്‍ അടിക്കുന്നെങ്കില്‍ ക്ഷമിക്കണം.

ഇരുപത്തി നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറങ്ങിയ ഒരു ചിത്രം. മണി രത്നം സംവിധാനം ചെയ്ത മൌന രാഗം എന്ന സിനിമ. യഥാര്‍ത്ഥത്തില്‍ ഇത് വെറുമൊരു സിനിമ അല്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉള്ള ബന്ധത്തിന്‍റെയും വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന രണ്ടു വ്യക്തികളെ ഒന്നിച്ചു നിര്‍ത്തുന്ന ആ ശക്തിയും പറ്റിയുള്ള മനശാസ്ത്രപരമായ ഒരു അപഗ്രഥനം ആണ് ഈ ചിത്രം. ഒപ്പം കഥയെക്കാള്‍ വിചിത്രമായി ജീവിതത്തില്‍ സംഭവിക്കുന്ന ചില സംഗതികളെ പറ്റിയും. സംഘര്‍ഷം നിറഞ്ഞ ഒരു വൈവാഹിക ജീവിതം സ്വന്തം ക്ഷമയും മനോബലവും കൊണ്ടു ശരിയാക്കിയെടുക്കുന്ന ഒരു ഭര്‍ത്താവിന്‍റെയും അയാളുടെ മുന്നില്‍ ഇപ്പോഴും ഒരു ചോദ്യ ചിഹ്നം ഉയര്‍ത്തുന്ന ഒരു ഭാര്യയുടെയും കഥയാണ്‌ ഇത്. സത്യം പറഞ്ഞാല്‍ വിവാഹം കഴിഞ്ഞവരും വിവാഹിതരാവാന്‍ തയ്യാറെടുക്കുന്നവരും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു ചിത്രം. സ്നേഹം, പരസ്പര വിശ്വാസം എന്നിവയ്ക്ക് കുടുംബ ജീവിതത്തില്‍ എത്രയുണ്ട് സ്ഥാനം എന്നതിനെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍. അതുമുണ്ട് ഈ ചിത്രത്തില്‍.

രേവതി അവതരിപ്പിക്കുന്ന ദിവ്യയും മോഹന്‍ അവതരിപ്പിക്കുന്ന ചന്ദ്രകുമാറും ആണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങള്‍. കൂട്ടുകാരോടൊപ്പം അടിച്ചു പൊളിച്ചു നടക്കുന്ന ഒരു പെണ്‍കുട്ടി ആണ് ദിവ്യ. അച്ഛനും അമ്മയും അവള്‍ക്കു വിവാഹാലോചനകള്‍ കൊണ്ടു വരുന്നു. അങ്ങനെ ഒരു ദിവസം ചന്ദ്രകുമാര്‍ എന്ന ഒരു കമ്പനി സെക്രട്ടറി അവളെ പെണ്ണ് കാണാന്‍ വരും എന്ന് അച്ഛന്‍ അവളെ അറിയിക്കുന്നു. ഡല്‍ഹിയില്‍ ജോലി ചെയ്യുകയാണ് അയാള്‍. കാണാന്‍ സുമുഖന്‍. വിദ്യാഭ്യാസം ഉള്ളയാള്‍. നല്ല ഒരു കുടുംബത്തില്‍ ജനിച്ച ഒരു മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലര്‍. ഇതറിഞ്ഞ ദിവ്യ എങ്ങനെ ഇതില്‍ നിന്ന് രക്ഷപെടാം എന്ന് ആലോചിച്ചു ഒരു വഴി കണ്ടു പിടിക്കുന്നു. പെണ്ണ് കാണാന്‍ വരുന്ന ദിവസം കൂട്ടുകാരികളോടൊപ്പം പുറത്തു ചുറ്റി നടന്നിട്ട് വളരെ വൈകി വീട്ടില്‍ ചെന്ന് കയറുക. അപ്പൊ അവര്‍ കാത്തിരുന്ന് മടുത്തിട്ട് തിരികെ പൊയ്ക്കോളും. എന്നാല്‍ മഴയത്ത് ചുറ്റി നടന്നിട്ട് രാത്രി വൈകി വീട്ടിലെത്തിയ അവള്‍ കണ്ടത് അപ്പോഴും അവള്‍ക്കു വേണ്ടി ക്ഷമയോടെ കാത്തിരിക്കുന്ന ചന്ദ്രകുമാറിനെയാണ്. അവളോട്‌ കുറച്ചു നേരം സംസാരിച്ചതിന് ശേഷം വിവാഹത്തിന് സമ്മതമാണെന്ന് ദിവ്യയുടെ അച്ഛനെയും അമ്മയെയും അറിയിച്ചതിനു ശേഷം ചന്ദ്രകുമാറും അമ്മയും സ്ഥലം വിടുന്നു. ഇത് ദിവ്യ തീരെ പ്രതീക്ഷിച്ചില്ല. അവളുടെ വീട്ടുകാര്‍ക്ക് സന്തോഷമായെങ്കിലും ദിവ്യ സമ്മതിക്കുന്നില്ല. അവള്‍ ശക്തമായി എതിര്‍ക്കുകയും ഈ വിവാഹത്തിന് സമ്മതമല്ല എന്നറിയിക്കുകയും ചെയ്യുന്നു. ഇതിന്‍റെ ഷോക്കില്‍ ദിവ്യയുടെ അച്ഛന് ഹൃദയാഘാതം ഉണ്ടാവുന്നു. അങ്ങനെ ആ അവസ്ഥയില്‍ മനസില്ല മനസ്സോടെ അവള്‍ക്കു ആ വിവാഹത്തിന് സമ്മതിക്കേണ്ടി വരുന്നു.

     വിവാഹം കഴിഞ്ഞു ഭര്‍ത്താവിനോടൊപ്പം അവള്‍ ഡല്‍ഹിയിലേക്കു തിരിക്കുന്നു. ചന്ദ്രകുമാറിന്റെ സ്നേഹത്തെ അവള്‍ അതി ക്രൂരമായി അവഗണിക്കുകയും  അയാളുടെ സ്വപ്നങ്ങളെ ചവിട്ടി മെതിക്കുകയും ചെയ്യുന്നു. വിവാഹം കഴിഞ്ഞിട്ട് ആദ്യമായി ദിവ്യക്ക്‌ ഒരു സമ്മാനം  കൊടുക്കുന്ന ചന്ദ്രകുമാറിനോട് പകരമായി അവള്‍ ആവശ്യപെടുന്നത് വിവാഹ മോചനമാണ്. എന്താണ് ഇതിന്‍റെ കാരണം എന്നുള്ള തുടര്‍ച്ചയായുള്ള ചന്ദ്രകുമാറിന്റെ ചോദ്യത്തിന് മറുപടി ആയി ദിവ്യ അവളുടെ ജീവിതത്തില്‍ സംഭവിച്ച ഒരു ദുരന്തത്തിന്‍റെ ചുരുള്‍ നിവര്‍ത്തുന്നു. 


     അവള്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഒരാളെ സ്നേഹിച്ചിരുന്നു. എന്ന് പറഞ്ഞാല്‍ അത് പൂര്‍ണമാവില്ല. മനോഹര്‍ ( കാര്‍ത്തിക് അവതരിപ്പിക്കുന്ന കഥാപാത്രം ) അവളുടെ ജീവിതത്തില്‍ ഒരു സ്ഥാനം ചോദിച്ചു വാങ്ങുകയായിരുന്നു. ഒരു എം പിയുടെ മകനെ തല്ലി ചതക്കുന്ന നേരത്താണ് ദിവ്യ ആദ്യമായി അയാളെ കാണുന്നത്.  ഒരു റൌഡി ആണ് അയാള്‍ എന്ന് തെറ്റിധരിച്ച ദിവ്യ പോലീസില്‍ അയാള്‍ക്കെതിരെ മൊഴി കൊടുക്കുന്നു. പോലീസെ അയാളെ കൈകാര്യം ചെയ്യുന്നു. ആ എം പിയുടെ മകന്‍ പണ്ട് ഒരു പാവം പെണ്‍കുട്ടിയുടെ കാലില്‍ കൂടി കാര്‍ കയറ്റി ഇറക്കിയതാണ് എന്നും ആ കുട്ടിയെ ചികിത്സിക്കാന്‍ പണം കണ്ടെത്താന്‍ ആയിരുന്നു  മനോഹര്‍ അയാളെ തല്ലിയത് എന്നും അവള്‍ വൈകി ആണ് അറിയുന്നത്. അയാളോട് തോന്നിയ ആരാധനാ സ്നേഹമായി മാറുന്നു. ഒരു വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായ മനോഹര്‍ നിയമ വിരുദ്ധമായി ഒരു പ്രകടനം പ്ലാന്‍ ചെയ്യുന്നുവെങ്കിലും ദിവ്യ പറഞ്ഞതനുസരിച്ച് അയാള്‍ അതില്‍ നിന്ന് മാറി നില്‍ക്കുന്നു. പ്രസ്ഥാനതിനെക്കാള്‍ തനിക്കു വലുത് ദിവ്യ ആണെന്ന് മനോഹര്‍ തെളിയിക്കുന്നു. ഇതിനു പകരമായി നാളെ തന്നെ രജിസ്ടര്‍ വിവാഹം നടത്താന്‍ മനോഹര്‍ ദിവ്യയെ നിര്‍ബന്ധിക്കുന്നു. 

     അടുത്ത ദിവസം പുലര്‍ന്നു. വിവാഹത്തിനായി ദിവ്യ ഒറ്റയ്ക്ക് രജിസ്ട്രാര്‍ ഓഫീസില്‍ എത്തി കാത്തു നില്‍ക്കുന്നു. അതെ സമയം തലേ ദിവസം നടന്ന റാലിയില്‍ അയാള്‍ പങ്കെടുത്തില്ലെങ്കിലും അതില്‍ നടന്ന  അക്രമങ്ങള്‍ക്ക് സമാധാനം പറയിക്കാന്‍ വേണ്ടി പോലീസ് അയാളെ പിന്തുടരുന്നു. ഓടി ഓടി അയാള്‍ രജിസ്ട്രാര്‍ ഓഫീസിന്‍റെ മുമ്പില്‍ എത്തി. പോലീസ് തോക്ക് ചൂണ്ടി അയാളെ ഓടിക്കുകയായിരുന്നു.അയാളെ ഓടിക്കുന്നതിനിടയില്‍ പോലീസിന്‍റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു മനോഹര്‍ ദിവ്യയുടെ മുന്നില്‍ വീഴുന്നു .

     എന്നാല്‍ ഈ കഥ കേട്ടിട്ടും ചന്ദ്രകുമാര്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. അവളുടെ പാസ്റ്റ് അയാള്‍ മറക്കാന്‍ തയ്യാറായിരുന്നു. അയാള്‍ അവള്‍ക്കു സമ്മാനമായി ഒരു വെള്ളി കൊലുസും ഒരു ടൈവോഴ്സ് പെറ്റിഷന്‍ഉം കൊടുക്കുന്നു. അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്‍ അവളോട്‌ പറയുന്നു. എന്നാല്‍ അയാളുടെ പ്രതീക്ഷക്കു വിരുദ്ധമായി ദിവ്യ ആ ടൈവോഴ്സ് പെറ്റിഷന്‍ തെരഞ്ഞെടുക്കുന്നു. നിരാശനായ ചന്ദ്രകുമാര്‍ ഒടുവില്‍ അവളുടെ ആഗ്രഹത്തിന് വഴങ്ങാന്‍ തീരുമാനിക്കുന്നു. അവര്‍ ഒരു വക്കീലിനെ കാണുകയും വിവാഹ മോചന കേസ് ഫയല്‍ ചെയ്യാന്‍ ആവശ്യപെടുകയും ചെയ്യുന്നു. എന്നാല്‍ അവരുടെ വിവാഹം കഴിഞ്ഞിട്ട് വെറും ഏഴു ദിവസം മാത്രം ആയ സ്ഥിതിക്ക് അത് സാധ്യമായിരുന്നില്ല. ഒരു വര്‍ഷമെങ്കിലും ഒരുമിച്ചു ജീവിച്ചതിന് ശേഷം അതിനെ പറ്റി ആലോചിക്കാം എന്ന് പറഞ്ഞു വക്കീല്‍ അവരെ മടക്കി അയക്കുന്നു. വെറുമൊരു പ്രേമ കഥ പോലെ മുന്നോട്ടു നീങ്ങുന്ന കഥ ഇവിടം മുതല്‍ വേറൊരു തലത്തിലേക്ക് നീങ്ങുകയാണ്. ദിവ്യയുടെയും ചന്ദ്രകുമാരിന്റെയും ഇടയില്‍ ഉള്ള മതില്‍ ഉരുകി ഇല്ലാതാകുന്നതിന്റെ അതി മനോഹരമായ ഒരു ചിത്രീകരണം. 

     ഒരു വര്‍ഷം ഒന്നിച്ചു ജീവിക്കണം എന്നാ നിബന്ധന കാരണം ഒരുമിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതയാവുന്ന ദിവ്യക്ക്‌ പതിയെ പതിയെ അയാളോട് സ്നേഹം തോന്നി തുടങ്ങുന്നു. അയാളുടെ സ്നേഹത്തെ അവഗണിച്ചിരുന്ന അവള്‍ അയാളോട് അടുക്കാന്‍ ശ്രമിക്കുന്നു.എന്നാല്‍ ചന്ദ്രകുമാര്‍ അതെല്ലാം നിരസിക്കുന്നു. ഒരു വര്‍ഷം കഴിയുമ്പോള്‍ എന്തായാലും പിരിയേണ്ടി വരും എന്ന സത്യം അവളോട്‌ ഒരു ദൂരം പാലിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു. മിതമായി സംസാരിക്കുന്ന .. മാന്യമായി പെരുമാറുന്ന .. ശാന്തനായ അയാളുടെ പെരുമാറ്റം അവളില്‍ വീണ്ടും സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയും ഒരു ചാറ്റല്‍ മഴ പെയ്യിക്കുന്നു. പക്ഷെ അപ്പോഴും അവര്‍ക്കിടയില്‍ പണ്ട് ഉരുണ്ടു കൂടിയ കാര്‍മേഘം അത് പോലെ തന്നെ നില്‍പ്പുണ്ടായിരുന്നു.

     ഇതിനിടക്ക്‌ സ്വന്തം ഫാക്ടറിയില്‍ ഒരു തൊഴില്‍ തര്‍ക്കത്തിന് ഒരു യൂണിയന്‍ നേതാവിനെ ചന്ദ്രകുമാര്‍ സസ്പെന്‍റ് ചെയ്യുന്നു. അയാള്‍ വേറെ തൊഴിലാളികളെ കൂട്ടി വന്നു ചന്ദ്രകുമാറിനെ ആക്രമിക്കുന്നു. കയ്യൊടിഞ്ഞ അയാളോട് റസ്റ്റ്‌ എടുക്കാന്‍ ഡോക്ടര്‍ ഉപദേശിച്ചു. വീട്ടില്‍ നില്‍ക്കുന്ന അയാളുടെ ഓരോ കാര്യങ്ങളും ഒരു ഭാര്യയുടെ ഉത്തരവാദിത്വത്തോടെ ദിവ്യ അറിഞ്ഞു കണ്ടു ചെയ്യാന്‍ ശ്രമിക്കുന്നു. പക്ഷെ ചന്ദ്രകുമാര്‍ അതെല്ലാം സ്നേഹപൂര്‍വ്വം നിരസിക്കുകയും എല്ലാം സ്വയം ചെയ്യുകയും ചെയ്യുന്നു. വെറുമൊരു പ്രേമ കഥ പോലെ മുന്നോട്ടു നീങ്ങുന്ന കഥ ഇവിടം മുതല്‍ വേറൊരു തലത്തിലേക്ക് നീങ്ങുകയാണ്.  ദിവ്യയുടെയും ചന്ദ്രകുമാരിന്റെയും ഇടയില്‍ ഉള്ള മതില്‍ ഉരുകി ഇല്ലാതാകുന്നതിന്റെ അതി മനോഹരമായ ഒരു ചിത്രീകരണം. ഒരു വര്‍ഷം ഒന്നിച്ചു ജീവിക്കണം എന്നാ നിബന്ധന കാരണം ഒരുമിച്ചു ജീവിക്കാന്‍ നിര്‍ബന്ധിതയാവുന്ന ദിവ്യക്ക്‌ പതിയെ പതിയെ അയാളോട് സ്നേഹം തോന്നി തുടങ്ങുന്നു. അയാളുടെ സ്നേഹത്തെ അവഗണിച്ചിരുന്ന അവള്‍ അയാളോട് അടുക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ചന്ദ്രകുമാര്‍ അതെല്ലാം നിരസിക്കുന്നു. ഒരു വര്‍ഷം കഴിയുമ്പോള്‍ എന്തായാലും പിരിയേണ്ടി വരും എന്ന സത്യം അവളോട്‌ ഒരു ദൂരം പാലിക്കാന്‍ അയാളെ പ്രേരിപ്പിക്കുന്നു. മിതമായി സംസാരിക്കുന്ന .. മാന്യമായി പെരുമാറുന്ന .. ശാന്തനായ  അയാളുടെ പെരുമാറ്റം അവളില്‍ വീണ്ടും സന്തോഷത്തിന്‍റെയും പ്രതീക്ഷയുടെയും ഒരു ചാറ്റല്‍ മഴ പെയ്യിക്കുന്നു. നിഷേധിക്കപെടുന്ന സ്നേഹത്തിന്‍റെ വേദന ദിവ്യ ആദ്യമായി അനുഭവിക്കുന്നു. പക്ഷെ അപ്പോഴും അവര്‍ക്കിടയില്‍ പണ്ട് ഉരുണ്ടു കൂടിയ കാര്‍മേഘം അത് പോലെ തന്നെ നില്‍പ്പുണ്ടായിരുന്നു. 

     ഒരിക്കല്‍ അവള്‍ക്കു നിയന്ത്രിക്കാന്‍ ആവാതെ വന്ന ഒരു ദിവസം തന്‍റെ സ്നേഹം ചന്ദ്രകുമാറിനോട് വെളിപ്പെടുത്താന്‍ അവള്‍ തീരുമാനിക്കുന്നു.അന്ന് അയാള്‍ ആദ്യമായി നല്‍കിയ വെള്ളി കൊലുസ് അണിഞ്ഞു അവള്‍ അയാളുടെ മുന്നിലെത്തുന്നു. എന്നാല്‍ ഇതൊക്കെ കണ്ടു അയാള്‍ കോപിക്കുന്നു. ഇതൊക്കെ ബാലിശമായ കാര്യങ്ങള്‍ ആണെന്നും അവളോട്‌ സ്വന്തം വീട്ടിലേക്കു തിരിച്ചു പോകാനും അയാള്‍ ഉപദേശിക്കുന്നു. അന്ന് തന്നെ അയാള്‍ അവള്‍ക്കു ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുന്നു. റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ ഇറങ്ങുന്ന അവരുടെ രണ്ടു പേരുടെ ഉള്ളിലും ആ യാത്ര ക്യാന്‍സല്‍ ചെയ്യണം എന്നുണ്ട്. പക്ഷെ രണ്ടു പേരും അത് തുറന്നു പറയുന്നില്ല. വണ്ടി കയറുന്നതിനു മുമ്പ് ഒരിക്കല്‍ അവള്‍ വളരെ അധികം ആഗ്രഹിച്ച
ആ ഡൈവോഴ്സ് കടലാസുകള്‍ അയാള്‍ അവളെ ഏല്‍പ്പിക്കുന്നു. അതോടെ ആകെ തകര്‍ന്നു പോയ ദിവ്യ അയാളോടുള്ള അവളുടെ സ്നേഹം തുറന്നു പറയുന്നു. അയാള്‍ അത് തിരിച്ചറിയും വരെ കാത്തിരിക്കും എന്ന് പറഞ്ഞിട്ട് അവള്‍ യാത്ര ആവുന്നു. ഒരു നിമിഷം തരിച്ചു നിന്ന് പോയ ചന്ദ്രകുമാര്‍ ആ നഷ്ടത്തിന്‍റെ വ്യാപ്തി  തിരിച്ചറിയുന്നു. ട്രെയിനിന്‍റെ പുറകെ ഓടി അയാള്‍ അവളെ തിരികെ വിളിക്കുന്നു. അവര്‍ ഒന്ന് ചേരുന്നു..

     ഈ കഥ മണി രത്നം എങ്ങനെ ആണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ഈ ചിത്രം കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്. ഒരുമിച്ചു ജീവിക്കുന്ന ഇതൊരു ഭാര്യക്കും ഭര്‍ത്താവിനും വിലപ്പെട്ട ചില പാഠങ്ങള്‍ പഠിപ്പിച്ചു തരുന്നു ഈ ചിത്രം. സംയമനം കൊണ്ട് മാത്രം പ്രായോഗികമായി ജീവിതത്തെ നേരിടുന്ന ചന്ദ്രകുമാറിന്റെ കഥാപാത്രം ആവും ഒരു പക്ഷെ നിങ്ങളെ ഏറ്റവും ആകര്‍ഷിക്കുന്നത്. രേവതിയും കാര്‍ത്തികും അവതരിപ്പിക്കുന്ന ദിവ്യയുടെയും മനോഹരിന്‍റെയും കഥാപാത്രങ്ങളും കുറച്ചു കാലം  നിങ്ങളെ വേട്ടയാടും. മോഹന്‍ തന്‍റെ സിനിമ ജീവിതത്തില്‍ അവതരിപ്പിച്ചിട്ടുള്ളതില്‍ ഏറ്റവും ജീവസ്സുറ്റ ഒരു കഥാപാത്രം ആണ് ചന്ദ്രകുമാര്‍. ഒരു സാധാരണ ജീവിതം നയിക്കുന്ന മനുഷ്യന്‍റെ ജീവിതത്തിലേക്ക് ഒട്ടനവധി ദുരന്തങ്ങള്‍ കണ്ട ഒരു സ്ത്രീ കടന്നു വരുന്നതും അയാളുടെ ജീവിതത്തിലേക്കും ആ ദുരന്തങ്ങള്‍ കടന്നു വരുന്നതും സ്നേഹവും നന്മയും കൊണ്ട് കൈവിടുമെന്നു തോന്നിച്ച ജീവിതം അയാള്‍ തിരിച്ചു പിടിക്കുന്നതുമാണ് കഥ. ദാമ്പത്യ ജീവിതത്തെ പറ്റി ഉണ്ടായിട്ടുള്ള ഏറ്റവും സത്യസന്ധവും ലളിതവും ആയ ഒരു സിനിമ. ഇതിന്‍റെ പിന്നില്‍ ശാന്തമായി ഒഴുകുന്ന ഒരു അരുവി പോലെ ഇളയരാജയുടെ സംഗീതവും പി സി ശ്രീരാമിന്റെ അതി മനോഹരമായ ക്യാമറയും ഉണ്ട്.

എന്നെങ്കിലും പറ്റിയാല്‍ ഇതൊന്നു കണ്ടു നോക്കു. നിങ്ങള്‍ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത.. പഠിച്ചിട്ടില്ലാത്ത ചില പാഠങ്ങള്‍ ഒക്കെ ഇതില്‍ നിന്ന് കിട്ടും. മനോഹരമായ ഒരു ദൃശ്യാനുഭവം. നിങ്ങളെ ഒരിക്കലും ഇത് നിരാശപെടുതില്ല .. ഉറപ്പ് 

2 അഭിപ്രായങ്ങൾ:

  1. ദുശൂ ...നിന്നെ ഞാന്‍ കൊല്ലൂഡാ !!ഫുള്‍ സെന്റി അടിച്പിച്ചു. പണ്ട് കണ്ട പടം ആണ്.
    നല്ല കഥ, നല്ല ആക്ടിഗ്, പിന്നെ, മണി ടച്ച്‌ !!

    നമ്മുടെ സമ്മര്‍ ഇന്‍ ബത്ലഹേം ഈ ലൈനില്‍ തന്നെ അല്ലെ ?

    മറുപടിഇല്ലാതാക്കൂ
  2. നല്ല മൂവി ആണ് , നല്ല പാട്ടുകളും :)

    മറുപടിഇല്ലാതാക്കൂ